കൊച്ചി: അന്താരാഷ്ട്ര സിംഗപ്പുർ ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ ചലഞ്ചിന്റെ ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടി മലയാളിവിദ്യാർഥികൾ. എറണാകുളം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ (എംഐടിഎസ്) ഏഴംഗ എൻജിനിയറിംഗ് വിദ്യാർഥിസംഘമാണു ചൈനയിൽ നടക്കുന്ന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർഥികളായ എം.എസ്. ഗായത്രി, ജെറിൻ എം. ജോഷ്വ, ആദിത്യ ആർ. മേനോൻ, ആർ. നന്ദന, റിഫാന കെ. ഷെജീർ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗത്തിലെ കിരൺ ഏലിയാസ് ഷാജി, വാസുദേവ് റെജി എന്നിവരാണ് സംഘത്തിലുള്ളത്.മേയ് 28 മുതൽ 31 വരെ ചൈനയിലെ സാന്യ സ്പോർട്സ് പാർക്കിലാണു മത്സരം.
20 രാജ്യങ്ങളിൽനിന്നുള്ള 126 എൻട്രികളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 52 ടീമുകളാണ് ഫൈനലിൽ മത്സരിക്കുക. സമുദ്രത്തിനടിയിൽ സങ്കീർണമായ ദൗത്യങ്ങൾ നിർവഹിക്കാൻ ശേഷിയുള്ള ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (എയുവി) റോബോട്ടുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന രീതിയിലാണ് അന്താരാഷ്ട്ര ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.
സിംഗപ്പുരിലെ ഐഇഇഇ ഓഷ്യാനിക് എൻജിനിയറിംഗ് സൊസൈറ്റിയും സിംഗപ്പുർ നാഷണൽ യൂണിവേഴ്സിറ്റിയും സംയുക്തമായാണു മത്സരം സംഘടിപ്പിക്കുന്നത്.